Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Wednesday, January 16, 2013

വി ടി ബാലറാമും ഭൂസമരവും സര്‍ക്കാര്‍ ജീവനക്കാരുടെ സമരവും


വി ടി ബലറാമിന്റെ ലേഖനത്തോടുള്ള (FEC) പ്രതികരണം ലേഖനത്തിനു് ശേഷം ബലറാമിന്റെ ലേഖനം ഉദ്യോഗസ്ഥ സമരവും ഭൂസമരവും: പങ്കാളിത്ത പെൻഷന്റെ പേരിലുള്ള ഇടതുപക്ഷ സർക്കാർ ജീവനക്കാരുടെ സമരം കേരളത്തിൽ സമീപകാലത്ത് പൊതുജനങ്ങളിൽനിന്ന് ഏറ്റവുമധികം വിമർശനങ്ങളേറ്റുവാങ്ങിയ സമരങ്ങളുടെ പട്ടികയിലാണു സ്ഥാനം പിടിക്കുക. സമരക്കാരുടെ ആവശ്യങ്ങൾ നീതീകരിക്കാനാകാത്തതാണെന്നും അധാർമ്മികമാണെന്നുമുള്ള വിലയിരുത്തലുകളും വ്യാപകമായതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസപ്പെട്ട സമരം ഏതായാലും പുതിയ ഉറപ്പുകളൊന്നും നേടാനാകാതെതന്നെ പിൻ വലിക്കപ്പെട്ടത്‌ ആശ്വാസകരമാണു. യഥാർത്ഥത്തിൽ ഒരു ക്ഷേമരാഷ്ട്രമെന്ന നിലയിൽ സമൂഹത്തിലെ എല്ലാവരേയും, പ്രത്യേകിച്ച് സ്ഥിരവരുമാനമില്ലാത്തവരേയും വികലാംഗരടക്കമുള്ള വരുമാന സാധ്യത കുറഞ്ഞവരേയും വിധവകളും വയോജനങ്ങളുമടക്കമുള്ള മറ്റ് ദുർബല ജനവിഭാഗങ്ങളേയുമുൾക്കൊള്ളുന്ന വിപുലമായ ഒരു സാമൂഹിക സുരക്ഷാവലയത്തിനായാണ് നാം മുൻഗണന നൽകേണ്ടത്. പോഷകാഹാരലഭ്യത, ചുരുങ്ങിയ ചെലവിലുള്ള ആരോഗ്യസംരക്ഷണം, സാർവ്വത്രികമായ വിദ്യാഭ്യാസം എന്നിവയെല്ലാം എല്ലാവർക്കും ലഭ്യമാക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ഇത്തരത്തിൽ ഏറ്റവും മിതമായ ജീവിതസാഹചര്യങ്ങളെങ്കിലുമുറപ്പുവരുത്താൻ കഴിയുന്ന സഹായമെന്ന നിലയിലാണ് സർക്കാരിന്റെ പെൻഷൻ ഓരോരുത്തർക്കും അനുഭവപ്പെടേണ്ടത്. സ്വന്തം നിലയ്ക്ക് അത്തരം സാഹചര്യങ്ങളൊരുക്കാൻ കഴിയാത്തവർക്കായിരിക്കണം ഇക്കാര്യത്തിൽ മുൻഗണന. കർഷകർ, കർഷകത്തൊഴിലാളികൾ തുടങ്ങി ഉത്പാദനപ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് ആത്മവിശ്വാസം പകരുന്ന ഒരു നടപടിയായും പെൻഷനുകൾ മാറേണ്ടതുണ്ട്. കേരളത്തിൽ ഏറ്റവുമധികം തൊഴിൽ സുരക്ഷിതത്വമുള്ള ഒരു വിഭാഗമാണ് അധ്യാപകരടക്കമുള്ള സർക്കാർ ജീവനക്കാർ. സർവ്വീസിന്റെ ആദ്യ നാൾ തൊട്ടുതന്നെ തങ്ങളുടെ ഓരോ മാസത്തേയും വരുമാനമെന്തായിരിക്കുമെന്ന കാര്യത്തിൽ കൃത്യമായ കണക്കുകൂട്ടലുകൾ സാധ്യമായ ഏക വിഭാഗവും അവർ തന്നെ. ഇതിന്റെയടിസ്ഥാനത്തിൽ സ്വന്തം ജീവിതഗതിവിഗതികളും സാമ്പത്തികമായ ഏറ്റക്കുറച്ചിലുകളും മുൻകൂട്ടിക്കണ്ട് അതിനനുസരിച്ച് ജീവിതത്തെ ക്രമീകരിക്കാനുമവർക്ക് കഴിയും. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ ചെലവിൽ പെൻഷൻ എന്നതുകൊണ്ട് സാധാരണഗതിയിൽ നാം അർത്ഥമാക്കുന്ന സാമൂഹിക സുരക്ഷയ്ക്ക് ഏറ്റവും പരിമിതമായ പ്രസക്തി മാത്രമുള്ളതും ഇത്തരക്കാരുടെ കാര്യത്തിലാണ്. പങ്കാളിത്ത പെൻഷൻ പദ്ധതി വൻകിട കോർപ്പറേറ്റ് കമ്പനികളുടെ ഗുണത്തിനായാണെന്നത് കേരളസാഹചര്യത്തിലെ പതിവ് പ്രചരണമെന്ന നിലയിൽ മാത്രമാണ് കാണേണ്ടത്. ആഗോളവൽക്കരണം, നവലിബറൽ നയങ്ങൾ, ലാഭം, മാർക്കറ്റ്, തുടങ്ങിയ പദാവലികൾ കൊണ്ട് പുകമറ സൃഷ്ടിക്കുന്ന ഉദാഹരണങ്ങൾ മുമ്പും നാമേറെ കണ്ടതാണല്ലോ. രസകരമായ ഒരു കാര്യം ജീവനക്കാരുടെ പണം ഓഹരിക്കമ്പോളത്തിലെത്തുമെന്നും അത് നഷ്ടത്തിൽ കലാശിക്കുമെന്നും പറഞ്ഞ് പങ്കാളിത്തപെൻഷൻ എന്ന ആശയത്തെ എതിർക്കുന്ന മാർക്സിസ്റ്റ് പാർട്ടി സ്വന്തം പാർട്ടി ഫണ്ട് തന്നെ ഓഹരിക്കമ്പോളത്തിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിച്ച് കോടിക്കണക്കിനു രൂപ ലാഭമുണ്ടാക്കുന്നതായി ആദായനികുതിവകുപ്പിനു സമർപ്പിച്ച കണക്കുകളിൽ ഔദ്യോഗികമായിത്തന്നെ സമ്മതിച്ചിട്ടുണ്ട് എന്നതാണ്. 2006ൽ മാത്രം ഏതാണ്ട് 1.92 കോടി രൂപയായിരുന്നു ഈയിനത്തിൽ പാർട്ടിയുടെ ആദായം. സ്റ്റാട്ട്യൂട്ടറി പെൻഷൻ എന്നത് നിയമപരമായ ഒരവകാശമാണെന്നതാണ് സമരം ചെയ്യുന്ന ജീവനക്കാരുടെ ഏറ്റവും വലിയ വാദങ്ങളിലൊന്ന്. ചില കോടതിപരാമർശങ്ങളും തങ്ങൾക്കനുകൂലമായി ചൂണ്ടിക്കാണിക്കാനവർക്കുണ്ട്. എന്നാൽ സാമൂഹ്യവിഭവങ്ങളിലുള്ള ചിലരുടെ മാത്രം നിയമപരമായ അവകാശങ്ങൾ ധാർമ്മികമായി നീതീകരിക്കാൻ കഴിയുമോ എന്ന ചോദ്യം ഇതിനോടൊപ്പം ശക്തമായിത്തന്നെ ഉയർന്നുവരുന്നുണ്ട്. ഈ അവകാശങ്ങളെല്ലാം ചിലർ മാത്രം സ്വന്തമാക്കിയത് അവർക്കതിനുള്ള അർഹതയേക്കാളുപരി ഭരണകേന്ദ്രങ്ങളോടുള്ള അടുപ്പവും വിലപേശൽ ശക്തിയും കൊണ്ടാണെന്നതും മറന്നുകൂടാ. ദളിതർ, ആദിവാസികൾ, വികലാംഗർ തുടങ്ങി സമൂഹത്തിലെ ഏറ്റവും പരിഗണനയർഹിക്കുന്നവരുടെ അവകാശങ്ങളെക്കുറിച്ചുള്ള കോടതിവിധികൾ ഇതുപോലെ ഉയർത്തിക്കാട്ടി അവ നടപ്പാക്കാനുള്ള പരിശ്രമങ്ങൾ നാം നടത്തുന്നുണ്ടൊ എന്നതും പരിശോധനാർഹമാണ്. തമിഴ്‌നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥരുടെ സമരവുമായി ബന്ധപ്പെട്ട ഒരു വിധിയിൽ സർക്കാർ ഉദ്യോഗസ്ഥർക്ക്‌ സമരം ചെയ്യാനുള്ള്‌ അവകാശത്തിനെതിരായിരുന്നു സുപ്രീം കോടതി നിലപാട്‌ എന്നതും ചിലർ സൗകര്യപൂർവ്വം വിസ്മരിക്കുകയാണു. കോണ്ട്രിബ്യൂട്ടറി പെൻഷൻ സമ്പ്രദായത്തിനെതിരെ സമരം ചെയ്യുന്ന ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്ന സി പി എം തന്നെ അതോടൊപ്പം മിച്ചഭൂമി വിതരണത്തിനുവേണ്ടിയുള്ള ‘രണ്ടാം ഭൂപരിഷ്ക്കരണ’ സമരവും നടത്തിക്കൊണ്ടിരിക്കുകയാണെന്നത്വിചിത്രമാണ്. ഇതുരണ്ടും തമ്മിലുള്ള ആശയപരിസരങ്ങൾ പരസ്പരം ബന്ധപ്പെട്ടുപോകുന്നതല്ല എന്നതുതന്നെയാണ് ഈ വൈചിത്യത്തിനു കാരണം. സമൂഹത്തിന്റെ പൊതുവിഭവമെന്ന നിലയിൽ എല്ലാവർക്കും തുല്യമായ രീതിയിൽ പ്രയോജനപ്പെടേണ്ടിയിരുന്ന ഭൂമി ചില ജന്മിമാരുടെ മാത്രം കൈകളിൽ നിക്ഷിപ്തമാവുകയും തന്മൂലം ബഹുഭൂരിപക്ഷം വരുന്ന മറ്റ് ജനവിഭാഗങ്ങൾക്ക് നീതി നിഷേധിക്കപ്പെടുകയും ചെയ്തിരുന്ന സാമൂഹിക സാഹചര്യത്തിലാണ് ഭൂപരിഷ്ക്കരണം എന്ന ആശയം ഉയർന്നുവരുന്നത്. രാജഭരണത്തിന്റെയും ജാതിമേൽക്കോയ്മയുടേയും കാലത്ത് അധികാരകേന്ദ്രങ്ങളുമായുള്ള അടുപ്പം സമ്മാനിച്ച സമ്മർദ്ദശേഷിയാണ് ജന്മിമാരുടെ കൈകളിലേക്ക് ഭൂമി കേന്ദ്രീകരിക്കപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചതെന്ന് മനസ്സിലാക്കി മാറിവന്ന ജനാധിപത്യകാലത്തിനനുസൃതമാ‍യ രീതിയിലുള്ള ഭൂമിയുടെ പുനർവിതരണം ആണ് ഭൂപരിഷ്ക്കരണം ലക്ഷ്യം വെച്ചത്. ഓരോരുത്തർക്കും അനുഭവിക്കാവുന്ന ഭൂമിയ്ക്ക് പരിധി നിശ്ചയിക്കപ്പെട്ടാൽ മാത്രമേ ഭൂമിയില്ലാത്തവർക്ക് അത് പുനർവിതരണം ചെയ്യാൻ കഴിയുകയുള്ളൂ എന്നതുകൊണ്ടാണ് സമത്വത്തിനായി വാദിക്കുന്ന ഒരു പ്രസ്ഥാനമെന്ന നിലയിൽ കമ്മ്യൂണിസ്റ്റുകാർക്കും ഈ ആശയം പ്രിയപ്പെട്ടതായത്. ചുരുക്കത്തിൽ അന്ന് നിലനിന്നിരുന്ന നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള ജന്മിമാരുടെ ‘സ്റ്റാട്ട്യൂട്ടറി’ അധികാരങ്ങൾ പുതിയ ഭൂപരിഷ്ക്കരണ നിയമനിർമ്മാണത്തിലൂടെ മറികടന്നാൽ മാത്രമേ തുല്യതയിലധിഷ്ഠിതമായ ഒരു സമൂഹനിർമ്മിതി സാധ്യമാകൂ എന്ന ശരിയായ സമീപനം സ്വീകരിക്കാൻ കമ്മ്യൂണിസ്റ്റുകൾക്ക് കഴിഞ്ഞു. ഇന്ന് പൊതുവിഭവങ്ങളുടെ സിംഹഭാഗവും ജനസംഖ്യയിൽ രണ്ട് ശതമാനത്തിൽ താഴെ മാത്രം വരുന്ന സർക്കാർ ഉദ്യോഗസ്ഥരുടേയും വിരമിച്ചവരുടേയും ശമ്പളത്തിനും പെൻഷനുമായി ചെലവഴിക്കപ്പെടുന്ന അവസ്ഥയിൽ ബഹുഭൂരിപക്ഷത്തിന്റെ അവകാശങ്ങളാണ് നഗ്നമായി ഹനിക്കപ്പെടുന്നത്. റവന്യൂ വരുമാനത്തിന്റെ എൺപത് ശതമാനത്തിലേറെ ശമ്പളം, പെൻഷൻ വകയിൽ നീക്കിവെക്കപ്പെടുമ്പോൾ ബാക്കിയുള്ള ഇരുപത് ശതമാനം മാത്രമേ നാടിന്റെ വികസനപ്രവർത്തനങ്ങൾക്കായി ചെലവഴിക്കാൻ സർക്കാരുകൾക്ക് കഴിയുന്നുള്ളൂ. ദുർബലജനവിഭാഗങ്ങൾക്കായുള്ള ക്ഷേമപദ്ധതികളെല്ലാം നടത്തിക്കൊണ്ട് പോകേണ്ടത് തുച്ഛമായ ഈ തുക ഉപയോഗിച്ചുകൊണ്ടാണ്. അതിനാൽത്തന്നെ ഭൂപരിഷ്ക്കരണമാതൃകയിൽ സർക്കാരിന്റെ ശമ്പള, പെൻഷൻ ചെലവുകൾക്ക് പരിധി നിശ്ചയിച്ചുകൊണ്ടുള്ള ഒരു പെൻഷൻ പരിഷ്ക്കരണം കൊണ്ട് മാത്രമേ കേരളത്തിന് ഇനിയങ്ങോട്ട് മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ. ജോലി ചെയ്യുമ്പോൾ വാങ്ങിയിരുന്ന ശമ്പളത്തേക്കാൾ കൂടുതലുള്ള തുക പിരിഞ്ഞ് ഏതാനും വർഷങ്ങൾക്കുള്ളിൽത്തന്നെ പെൻഷനായി പ്രതിമാസം വാങ്ങുന്ന അവസ്ഥയേക്കുറിച്ചും ഗൌരവതരമായി ചിന്തിക്കേണ്ടിയിരിക്കുന്നു. സർക്കാരുകളുടെ പെൻഷൻ ചെലവുകൾ കൂടുന്നതിനു പരിഹാരമുണ്ടാക്കേണ്ടത് ഇത്തരത്തിൽ പെൻഷൻ ക്യാപ് ഏർപ്പെടുത്തുന്നതടക്കമുള്ള ധീരമായ തീരുമാനങ്ങളിലൂടെയാണ്, അല്ലാതെ പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നതടക്കമുള്ള താത്കാലിക നടപടികൾ കൊണ്ടല്ല. എന്നാൽ സർക്കാർ ഉദ്യോഗസ്ഥരായ നവീന ജന്മികളുടേയും മറ്റ് സംഘടിതവിഭാഗങ്ങളുടേയും മാത്രം താത്പര്യത്തെ വർഗ്ഗതാത്പര്യമായി കരുതുന്ന കേരളത്തിലെ വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റേതടക്കമുള്ള മധ്യവർഗ്ഗമനോഭാവങ്ങളാണ് ഇന്നത്തെ ചൂഷണാത്മകമായ സാഹചര്യങ്ങളെ നിലനിർത്തുന്നതെന്ന് പറയാതെ വയ്യ. മേല്‍ ലേഖനത്തോടുള്ള വിവര വിചാരത്തിന്റെ പ്രതികരണം. ബലറാം സാറിന്റെ വാദ ഗതി സോഷ്യലിസറ്റു് ലക്ഷ്യം പ്രഖ്യാപിച്ചു് കൊണ്ടാണെങ്കിലും അതില്‍ ജനങ്ങള്‍ക്കു് സന്തോഷിക്കാന്‍ വകയില്ല. കാരണം, ആ വാദഗതി ജനങ്ങളെ ഇനിയും കബളിപ്പിക്കുന്നതാണു്. പ്രധാനമായും രണ്ടു് കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ. ഒന്നു്. ഭൂപരിധിയും പെന്‍ഷന്‍ പരിധിയും താരതമ്യം ചെയ്യുന്നതു് യുക്തി സഹമല്ല. അതു് കൊണ്ടു് ശരിയല്ല. അവ രണ്ടും വ്യത്യസ്ത സ്വഭാവമുള്ളവയാണു്. ഭൂമി നിശ്ചിതമാണു്. വര്‍ദ്ധിക്കില്ല. അതിന്റെ ഉപയോഗത്തിനു് പരിധി നിശ്ചയിക്കേണ്ടി വരുന്നതു് അതു കണ്ടാണു്. പെന്‍ഷന്‍ പണമാണു്. അതു് വിലയിടിഞ്ഞും വില കൂടിയും വരാവുന്ന ഒന്നാണു്. മാത്രമല്ല, അളവിലും കൂടിയും കുറഞ്ഞും വരാവുന്നതാണു്. അതു് കൊണ്ടു് ഈ താരതമ്യം ശരിയല്ല, യുക്തിക്കു് നിക്കുന്നതല്ല. അതു് ബാലറാം സാര്‍ പിന്‍വലിക്കണം. രണ്ടു് ബാലറാം സാര്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവേചനവും അസമത്വവും ചൂണ്ടിക്കാണിക്കുന്നതു് നല്ല കാര്യമാണു്. പക്ഷെ, അതിനുത്തരവാദികള്‍ കൂടുതല്‍ ശമ്പളം കിട്ടുകയും പെന്‍ഷന്‍ കിട്ടുകയും ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരാണെന്നാണു് അവതരിപ്പിക്കുന്നതു്. രണ്ടു് കൂട്ടരെ ബലറാം സാര്‍ കര്‍ട്ടനു് പുറകില്‍ നിറുത്തി മറച്ചു് പിടിച്ചുകൊണ്ടുള്ള വിശകലനമാണു് നടത്തിയിരിക്കുന്നതു്. ബലറാം സാറിന്റെ വാദഗതിയിലെ ഒരു കാര്യം സമ്മതിക്കാം. സര്‍ക്കാര്‍ ജീവനക്കാര്‍ ഇതര വിഭാഗം തൊഴിലാളികളോടൊപ്പം സംഘടിച്ചു് സമരം ചെയ്തു് മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ നേടിയെടുത്തു എന്നതു് ശരിയാണു്. അതില്‍ യാതൊരു തെറ്റുമില്ല. കാരണം, ഈ സമൂഹം അസമത്വം നിറഞ്ഞതാണെന്നതു് തന്നെ. അവര്‍ സമരം ചെയ്തു് നേടിയെടുക്കാതിരുന്നിരുന്നെങ്കിലും ഇന്നു് പിന്നോക്കം നില്കുന്നവരുടെ ഗതി മെച്ചപ്പെടുമായിരുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരും പിന്നോക്കം നില്കുമായിരുന്നു എന്നു് മാത്രം. ഇപ്പോള്‍ അവര്‍ മുന്നോട്ടു് വന്നതു് കൊണ്ടു് മറ്റു് പിന്നോക്കം നില്കുന്നവര്‍ക്കും മുന്നോക്കം വരാനുള്ള പ്രേരണയാകുന്നു എന്നതു് അവരുടെ സംഘാടനത്തിന്റേയും നേട്ടത്തിന്റേയും ഗുണഫലമാണു്. അതിനെ കുറ്റപ്പെടുത്തുന്നതില്‍ യുക്തിയില്ല. ബലറാം സാര്‍ മറച്ചു് പിടിക്കാന്‍ ശ്രമിക്കുന്ന രണ്ടു് കൂട്ടരുടെ കാര്യം പരിശോധിച്ചാല്‍ അവിടെ നമുക്കു് ഇന്നു് നേട്ടം കൊയ്യുന്നവരേയും ആനേട്ടം ഉണ്ടാക്കി കൊടുക്കുന്നവരേയും കാണാം. അവരെ മറച്ചു് പിടിച്ചതു് മറവി കൊണ്ടോ അറിയാത്തതു്  കൊണ്ടോ ആണെന്നു് പറയാനാവില്ല. (അ) നിലവില്‍ സമ്പത്തിന്റെ വര്‍ദ്ധിച്ച ഓഹരി തട്ടിയെടുക്കുന്ന വിഭാഗം. ആഗോള ധന മൂല ധനവും ദേശീയ കുത്തക മൂലധനവും കേരളത്തിലെ പ്രാദേശിക കുത്തക മുതലാളികളും കുറെ പുത്തന്‍ പണക്കാരുമാണു് നേട്ടം ഉണ്ടാക്കുന്ന വിഭാഗം. അതില്‍ തൊഴിലാളികളോ കര്‍ഷകരോ സ്വയംതൊഴില്‍ സംരംഭകരോ ചെറുകിട-ഇടത്തരം സംരംഭകരോ ഇല്ല. അവരെല്ലാം കഷ്ടിച്ചു് ജീവിച്ചു് പോകുകയോ സാമ്പത്തികമായി നിന്നിടത്തു് പിടിച്ചു് നില്‍ക്കുകയോ അധപതിക്കുകയോ മാത്രമാണു്. സംസ്ഥാന കുത്തകകള്‍  ആഗോള-ദേശീയ ധനമൂലധനത്തോടു് കൂട്ടു്  കൂടി ഇതര വിഭാഗം ജനങ്ങളെ ചൂഷണം ചെയ്തു് തടിച്ചു് കൊഴുക്കുകയാണു്. (പക്ഷെ, അവരും മൊത്തം ധന മൂലധന വ്യവസ്ഥയും തന്നെ ഇന്നു് പ്രതിസന്ധിയിലാണു്. അതിലേയ്ക്കു് ഇവിടെ കടക്കുന്നില്ല. ഈ ചര്‍ച്ചയുടെ വിഷയമല്ല) അവരുടെ വരുമാനത്തിന്റേയോ അവര്‍ കുന്നു് കൂട്ടുന്ന മൂലധനത്തിന്റേയോ കാര്യം ബലറാം സാര്‍ മിണ്ടുന്നില്ല. അതേ പോലെ തന്നെ ധന മൂലധനത്തിന്റെ പുളപ്പു് പ്രത്യക്ഷപ്പെടുന്ന ഭൂമിക്കച്ചവടം, കെട്ടിട കച്ചവടം, വിദ്യാഭ്യാസ കച്ചവടം, രോഗ ചികിത്സാ കച്ചവടം തുടങ്ങിയ മേഖലകളില്‍ ഊഹക്കച്ചവടക്കാരും ദല്ലാളന്മാരും കുന്നു് കൂട്ടുന്ന മൂലധനത്തേക്കുറിച്ചു് ബലറാം  സാര്‍ മിണ്ടുന്നില്ല. അതിനൊന്നും പരിധി നിര്‍ണ്ണയിക്കുന്നതിനേക്കുറിച്ചു് ബലറാം സാര്‍ മിണ്ടിയിട്ടില്ല. (ആ) രണ്ടാമതായി ബലറാം സാര്‍ മറച്ചു് പിടിക്കുന്നതു് സര്‍ക്കാരിനേയാണു്. നിലവില്‍ അസമത്വത്തിനും വരുമാന വ്യത്യാസങ്ങള്‍ക്കും കാരണക്കാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സമരം ചെയ്തു് നേട്ടമുണ്ടാക്കിയ തൊഴിലാളികളുമാണെന്നു് പറയുമ്പോഴും അവരുടെ വരുമാനത്തിനു് പരിധി വേണമെന്നു് പറയുമ്പോഴും അവരുടെ വരുമാനത്തെ ഭൂമിയുമായി താരതമ്യം ചെയ്യുമ്പോഴും അദ്ദേഹം തൊഴിലാളികളെ പ്രതികൂട്ടിലാക്കുകയും സര്‍ക്കാരിനെ രക്ഷിക്കുകയുമാണു്. സര്‍ക്കാരിനെ അങ്ങിനെ രക്ഷിക്കാന്‍ ബലറാം സാറിനു് എത്ര ശ്രമിച്ചാലും കഴിയില്ല. കാരണം സര്‍ക്കാരിനു് മുമ്പില്‍ തൊഴിലാളികളേയും ജനങ്ങളേയും തമ്മില്‍ തല്ലിക്കുകയല്ലാതെ മറ്റു് മാര്‍ഗ്ഗങ്ങളുണ്ടു് എന്നതു് തന്നെയാണു്. അതു് മറച്ചു് പിടിക്കുന്നതു് സര്‍ക്കാരിന്റെ വരുമാനം ഭൂമി പോലെ സ്ഥിരമാണെന്ന പ്രതീതി സൃഷ്ടിച്ചു് കൊണ്ടാണു്. സര്‍ക്കാരിന്റെ വരുമാനം സ്ഥിരമല്ല. അതു് വര്‍ദ്ധിപ്പിക്കുമ്പോള്‍ കൂലിയുടേയും പെന്‍ഷന്റേയും അനുപാതം കുറയും. അതനുസരിച്ചു് മറ്റുള്ളവരുടെ ക്ഷേമത്തിനുള്ള വക കൂടുതല്‍ കിട്ടും. പക്ഷെ, അങ്ങിനെ വരുമാനം കൂട്ടാന്‍ നികുതി കൂട്ടുകയോ മൂലധന വരുമാനം ഉയര്‍ത്തുകയോ ആകാം. നികുതി കൂട്ടുന്നതു് പൊതു ജനങ്ങളെ ബാധിക്കത്ത പ്രത്യക്ഷ നികുതിയായാല്‍ അതു് നേരിട്ടു് മൂലധന കുത്തകകളെ ബാധിക്കും. ഉദാഹരണത്തിനു് കേരളത്തില്‍ വാഹനങ്ങളുടെ ബഹളം കാരണം റോഡിലിറങ്ങാന്‍ കഴിയാതായി എന്നു് എല്ലാവരും പരിതപിക്കുന്നു. പണക്കാരും പാവങ്ങളും. ആളോഹരി കാറുള്ളവരും ഒരു വാഹനവുമില്ലാത്തവരും. അതിനു് പരിഹാരമായി പെട്രോള്‍ വില വര്‍ദ്ധനയെ പോലും പലരും പിന്തുണയ്ക്കുകയാണു്. എന്തു് കൊണ്ടു് വാഹന നികുതി കാറുകള്‍ക്കു് 2000 രൂപയില്‍ നിന്നു് കാറിന്റെ വിലയ്ക്കു് തുല്യമെങ്കിലും ആക്കി കൂടാ. അതു് സര്‍ക്കാരിന്റെ വരുമാനം കൂട്ടാനുള്ള മാര്‍ഗ്ഗമാണു്. കേരളത്തിലെ റോഡുകള്‍ ശ്വാസം മുട്ടുന്നതു് കുറയ്ക്കാനുള്ള മാര്‍ഗ്ഗവുമാകാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ആലോചിക്കാനും നടപ്പാക്കാനും ഉത്തരവാദിത്വവും അധികാരവുമുള്ളതെങ്കിലും ജനങ്ങളോടും തൊഴിലാളികളോടും നിരുത്തരവാദപരമായി പെരുമാറുന്ന സര്‍ക്കാരിനെ വെള്ള പൂശാനായി വരുമാനം സ്ഥിരമാണെന്ന വളരെ ബാലിശമായ മുന്‍വിധി പരത്തി തൊഴിലാളികളെ കുറ്റം പറയുന്നതു് സര്‍ക്കാരിനെ രക്ഷിക്കാനുള്ള അടവല്ലാതെ മറ്റെന്താണു്. മാത്രമല്ല, സര്‍ക്കാരിന്റെ നികുതി വരുമാനവും പൊതു മേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള മൂലധന വരുമാനവും എല്‍ഡിഎഫ് കാലത്തു് വര്‍ദ്ധിച്ചു് വന്നിരുന്നു. അതു് ഇപ്പോള്‍ കുറവാണെങ്കില്‍ അതു് യുഡിഎഫിന്റെ പിടിപ്പു് കേടാണു്. പിടുപ്പു് കെട്ട സര്‍ക്കാരിനെ തിരുത്താന്‍ ശ്രമിക്കേണ്ട ബാലറാം സാര്‍ അതിനെ വെള്ള പൂശാനുള്ള ശ്രമമാണു് നടത്തി കാണുന്നതു്. അതിനായി എന്തെല്ലാം കാപട്യങ്ങള്‍ പറഞ്ഞു. ? ൧. ഭൂമിയും പെന്‍ഷനും ഒരുപോലെ പരിധി നിശ്ചയിക്കപ്പെടേണ്ടതാണു്. ൨. ഭൂസമരവും സര്‍ക്കാര്‍ ജീവനക്കാരുടെ സമരവും പരസ്പരം വൈരുദ്ധ്യം നിറഞ്ഞതാണു്. ൩. സിപിഐ(എം) രണ്ടിനേയും പിന്തുണക്കുന്നതു് വൈരുദ്ധ്യമാണു്. അതിനായി ആരെയെല്ലാം പഴി പറഞ്ഞു. ? ൧. തൊഴിലാളികളെ ൨. സര്‍ക്കാര്‍ ജീവനക്കാരെ ൩. സിപിഐ(എം) നെ അതിനായി ആരെയെല്ലാം മറച്ചു് പിടിച്ചു ? ൧. കുത്തക മൂലധന ഉടമകളെ ൨. റിയല്‍ എസ്റ്റേറ്റു്, വിദ്യാഭ്യാസ, ആശുപത്രി ബിസിനസുകരെ ൩. പുത്തന്‍ പണക്കാരായ ദല്ലാള്‍മാരെ ൪. ജന ക്ഷേമത്തില്‍ താല്പര്യം കാട്ടാതെ കുത്തകകള്‍ക്കു് വേണ്ടി ഭരിക്കുന്ന സര്‍ക്കാരുകളെ അതിനായി എന്തിനു് നേരെയെല്ലാം കണ്ണടച്ചു ? ൧. സര്‍ക്കാരിന്റെ കടമകള്‍, ഉത്തരവാദിത്വങ്ങള്‍ ൨. സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതകള്‍, മാര്‍ഗ്ഗങ്ങള്‍ ൩. സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിച്ചു് പെന്‍ഷന്റേയും സര്‍ക്കാര്‍ ചെലവിന്റേയും അനുപാതം കുറച്ചു് കൊണ്ടു് വരാമെന്നുള്ള ലളിതമായ കണക്കു്. ബാലറാം സാര്‍ കുറേക്കൂടി തുറന്ന സമീപനവും ജനങ്ങളോടുള്ള പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും യുക്തി ബോധവും അങ്ങില്‍ നിന്നു് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ജോസഫ് തോമസ്.

No comments:

Blog Archive